ആമുഖം

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ളോക്കില്‍ ഓണക്കൂര്‍, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്. 30.09 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറ് രാമമംഗലം, പിറവം പഞ്ചായത്തുകള്‍, കിഴക്ക് തിരുമാറാടി, മാറാടി പഞ്ചായത്തുകള്‍, തെക്ക് പിറവം, ഇലഞ്ഞി, തിരുമാറാടി, പഞ്ചായത്തുകള്‍, വടക്ക് രാമമംഗലം, മാറാടി പഞ്ചായത്തുകള്‍ എന്നിവയാണ്. മൊത്തം വിസ്തൃതിയില്‍ 15 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയിലും റബ്ബര്‍ കൃഷിയാണുള്ളത്. 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ വിളയിക്കുന്നതിനുപയോഗിക്കുന്നതിന്. 5 ചതുരശ്ര കിലോമീറ്റര്‍ വരുന്ന നെല്‍പ്പാടങ്ങളില്‍ മാത്രമേ നെല്ലും പച്ചക്കറികളും ഉല്പാദിപ്പിക്കുന്നുള്ളു. കേരളത്തെ 13 കാര്‍ഷിക മേഖലകളായി തിരിച്ചിട്ടുണ്ട്. അതില്‍ ഈ പഞ്ചായത്ത് സെന്‍ട്രല്‍ മിഡ്ലാന്റ് സോണ്‍ മേഖലയില്‍ ഉള്‍പ്പെടുന്നു. പ്രസിദ്ധമായ അരുവിയ്ക്കല്‍ വെള്ളച്ചാട്ടം ഈ പഞ്ചായത്തിലാണ്. ഉദ്ദേശം നൂറടിയോളം താഴ്ച വരുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രം കൂടിയാണ് അരുവിയ്ക്കല്‍. ഉഴവൂര്‍തോട് ഈ പഞ്ചായത്തിലെ ഏറ്റവും വലിയ ഒരു ജലസ്രോതസ്സാണ്. കണികുന്നല്‍, കാട്ടുമറ്റം, ഊത്തുകുഴി, കുറ്റിച്ചിറ, കുമരംചിറ ഇവയെല്ലാം പ്രസിദ്ധ വൈദ്യകുടുംബങ്ങളാകുന്നു. കോനാട്ടു മല്പാന്‍ കുടുംബം ക്രിസ്തീയ സമുദായത്തിനു നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്. ഇവിടുത്തെ മല്പാന്‍പരമ്പര സംസ്ഥാനമൊട്ടാകെയുള്ള അസംഖ്യം വേദപഠിതാക്കള്‍ക്ക് സുറിയാനിയും സമുദായ ചരിത്രവും പഠിപ്പിച്ചുകൊടുത്തു. മല്പാന്‍കുടുംബം പണ്ടത്തെ ഗുരുകുല സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടുത്തെ ഏക പുണ്യാശ്രമം ആണ്. യൂറോപ്യന്‍ നാടുകളില്‍പ്പോലും കാണാത്തതും മതസംബന്ധിയായിട്ടുള്ളതും വിവിധ ഭാഷകളിലുള്ളതുമായ ഒരു വലിയ പുസ്തകശേഖരം ഇവിടെയുണ്ട്. അച്ചടി സമ്പ്രദായം സമീപപ്രദേശത്തെങ്ങും ഇല്ലാതിരുന്ന കാലത്ത് സഭാനിയമങ്ങളും, കുര്‍ബാന ക്രമങ്ങളും മലയാളീകരിച്ച സങ്കീര്‍ത്തനസാരങ്ങളും വേദപുസ്തകങ്ങളും മല്പാന്‍കുടുംബ വക പ്രസ്സില്‍ നിന്നും ധാരാളമായി അച്ചടിച്ചിറക്കിയിട്ടുണ്ട്. വിശ്വാസികള്‍ക്ക് ജ്യോതിഷം വേദാംഗങ്ങളിലൊന്നാണ്. ആ വിഷയം വളരെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതില്‍ പേരുകേട്ടതാണ് കൈപ്പിള്ളില്‍ കുടുംബം.