ചരിത്രം

സ്ഥലനാമ ചരിത്രം

ഈ പ്രദേശം ഒരിക്കല്‍ പെരുമാക്കന്മാരുടെ ഭരണത്തിലായിരുന്നു. ഒടുവിലത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ ബ്രാഹ്മണര്‍ക്കും നാട്ടുപ്രമാണിമാര്‍ക്കും തന്റെ നാട് വിട്ടുകൊടുത്തിട്ട് ഇസ്ളാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയി. കാര്‍ഷിക ആവശ്യത്തിന് ഏതോ പെരുമാള്‍ വെട്ടിച്ചു കൊടുത്തതാണ് ഈ പഞ്ചായത്തിലുള്ള വിശാലമായ പെരുമാള്‍ചിറ, പെരുമാള്‍ ചിറ കാലപ്പഴക്കത്തില്‍ പെരുമാഞ്ചിറയുമായി. പെരുമാക്കന്മാരുടെ ഭരണശേഷം കോട്ടയില്‍ കര്‍ത്താക്കന്മാരുടെ നിയന്ത്രണത്തിലായി ഈ നാട്. അവരുടെ അറയ്ക്കുള്ളില്‍ ഒരു വലിയ നിധി കുംഭം സൂക്ഷിച്ചുവച്ചിരുന്നു. അതിനു കാവല്‍ നിന്നിരുന്നത് വിഷം ചീറ്റുന്ന പാമ്പുകളായിരുന്നു. ബ്രാഹ്മണരും ബന്ധുജനങ്ങളും ഉള്‍പ്പെടെ അനേകം ആളുകളെ ആണ്ടിലൊരിക്കല്‍ ക്ഷണിച്ചു വരുത്തി സദ്യയും ദാനധര്‍മ്മങ്ങളും നല്‍കുന്ന പതിവ് ഈ കര്‍ത്താക്കന്‍മാര്‍ക്കുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ചുറ്റും പത്തിവിടര്‍ത്തിനില്‍ക്കുന്ന പാമ്പുകളെയും കുടത്തെയും അതിഥികള്‍ക്ക് കാട്ടികൊടുത്തിരുന്നു. നാടുവാഴികളുടെ പ്രതാപാപൈശ്വര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതാവാം ഇതിന്റെ പിന്നിലുള്ള താല്പര്യം. ഏതായാലും ഈ നാടിന്റെ നിധികുഭം കണ്ടവരെല്ലാം പാമ്പുംകുടമെന്ന് പേരുചൊല്ലി വിളിക്കാന്‍ തുടങ്ങി. പാമ്പുംകുടം പിന്നീട് ഉച്ചാരണഭേദങ്ങളിലൂടെ പാമ്പാക്കുടയായി മാറി. ചിത്രലിപിയില്‍ ഈ പ്രദേശത്തിന്റെ നാമം എഴുതിക്കാണിച്ചിരുന്നത് പാമ്പിന്റെയും കുടയുടെയും പടം വരച്ചാണ്. ഈ നാടിന് പാമ്പാക്കുട എന്നു പേരുണ്ടായതിന് ഇതും ഒരു കാരണമായി കരുതുന്നു. ശ്രീകൃഷ്ണന്‍ കുട്ടിയായിരുന്നപ്പോള്‍ മഴനനയാതെ അനന്തന്‍ തന്റെ ഫണങ്ങള്‍ വിടര്‍ത്തി കുടപിടിച്ചതായ സംഭവം പുരാണ പ്രസിദ്ധമാണ്. ആ സംഭവം നടന്നത് ഈ പ്രദേശത്ത് വച്ചായതുകൊണ്ടാണ് പാമ്പാക്കുട എന്ന പേര്‍ ലഭിച്ചതെന്നും വിശ്വസിക്കുന്നവര്‍ ധാരാളമാണ്.

സാമൂഹിക ചരിത്രം

പാമ്പാക്കുട അന്നും ഇന്നും സുന്ദരമായ പ്രദേശമാണ്്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജന്മികളുടെയും, ഇടപ്രഭുക്കന്മാരുടെയും കൈവശമായിരുന്നു കൃഷിഭൂമിയുടെ സിംഹഭാഗവും. തന്മൂലം ഇവിടുത്തെ സാധാരണക്കാര്‍ അവര്‍ക്കു വേണ്ടി പണി ചെയ്യുന്നവരായിരുന്നു. കാര്‍ഷിക പരിഷ്ക്കരണങ്ങള്‍ നടപ്പിലായതോടെയാണ് ജന്മികുടിയാന്‍ ബന്ധങ്ങള്‍ക്കും പാട്ടസമ്പ്രദായങ്ങള്‍ക്കുമെല്ലാം മാറ്റം വന്നത്. കേരള കര്‍ഷക സംഘത്തിന്റെ ഇവിടുത്തെ പ്രവര്‍ത്തനം മിച്ചഭൂമി പതിപ്പിച്ച് ഭൂരഹിതര്‍ക്ക് നല്‍കാനും, പാട്ടവ്യവസ്ഥകള്‍ അവസാനിപ്പിച്ച് യഥാര്‍ത്ഥകര്‍ഷകന് കൃഷിഭൂമി ലഭ്യമാക്കാനും കുടികിടപ്പവകാശം സ്ഥാപിച്ചെടുക്കാനും ഒട്ടേറെ സഹായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമ്പാദനത്തിന്റെ ആക്കം കൂട്ടുന്നതിന് ഇവിടുത്തെ തെരുവീഥികളിലൂടെ പദയാത്ര സംഘടിപ്പിച്ചിരുന്ന ഇടത്തൊട്ടിയില്‍ ഇത്താക്കു വൈദ്യന്‍ ഓര്‍മിക്കപ്പെടേണ്ട വ്യക്തിത്വമാണ്. പാമ്പാക്കുട അയ്യപ്പന്‍ ഈ നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവിസ്മരണീയമാണ്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ കൃഷിപ്പണി, കുട്ട നെയ്ത്ത്, ആശാരിപ്പണി, വാണിയന്‍, ചക്കുകളില്‍ കൊപ്രയാട്ട്, കലം മെനയല്‍, പാനെയ്ത്ത്, കല്ലുവെട്ട് തുടങ്ങിയ പണികള്‍ ചെയ്ത് ജീവിത മാര്‍ഗ്ഗം കണ്ടെത്തിയിരുന്നു. വീടുകള്‍ മിക്കവയും പുല്ലും വൈക്കോലും മേഞ്ഞവയായിരുന്നു. ചാണകം മെഴുകിയ തറകളായിരുന്നു. പാവങ്ങളും ഹരിജനങ്ങളും ഓലപ്പുരകളില്‍ വസിച്ചു. കല്ലുകെട്ടിപണിത കെട്ടിടങ്ങള്‍ ചുരുക്കമായിരുന്നു. പണ്ടത്തെ പുരുഷന്മാര്‍ അരമുണ്ട് മാത്രം ധരിക്കുന്നവരായിരുന്നു. കൃഷിപ്പണിയുടെ വേളയില്‍ കച്ചത്തോര്‍ത്ത് മാത്രമായിരുന്നു ധരിച്ചിരുന്നത്. പാളത്തൊപ്പിയും, ഓലക്കുടയും അവര്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ മുണ്ടും ചട്ടയും ധരിക്കുന്നവരായിരുന്നു. ഹിന്ദു സ്ത്രീകള്‍ക്ക് മുണ്ടും റൌക്കയും. തീണ്ടലും തൊടീലും അന്ധവിശ്വാസവും അനാചാരവും പണ്ട് വളരെ കൂടുതലായിരുന്നു. എല്ലായിടത്തും പോലെ ഇവിടെയും ബ്രാഹ്മണരെയാണ് മുന്തിയ ജാതിക്കാരായി കണക്കാക്കിയിരുന്നത്. ആദികാലത്തു പൊതുവഴികള്‍ വളരെ വിരളമായിരുന്നു. ഇടവഴികളും ചെമ്മണ്‍പാതകളും നടവരമ്പുകളും മാത്രമായിരുന്നു സഞ്ചാരപഥങ്ങള്‍. ഏവരും കാല്‍നട യാത്രക്കാര്‍. മഞ്ചലുകള്‍ മാടമ്പിമാര്‍ക്ക് മാത്രമുള്ള സൌകര്യമായിരുന്നു. 1950 തുടക്കത്തിലാണ് വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രം തുടങ്ങുന്നത്. പള്ളിക്കൂടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. വിദ്യാഭ്യാസം സാര്‍വ്വത്രികമായി സ്വീകരിക്കപ്പെട്ടു. ഗ്രന്ഥശാലകള്‍ രൂപം കൊണ്ടു.

സാംസ്ക്കാരിക ചരിത്രം

ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ പാമ്പാക്കുട പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും കേരളത്തില്‍ മൊത്തത്തിലും കൃഷിക്കാര്‍ നെല്ലുല്പാദനത്തിലാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുത്തിരുന്നത്. പാടങ്ങളില്‍ മാത്രമല്ല കരപ്രദേശങ്ങളിലും കുന്നിന്‍ ചരിവുകളിലും മഴയെ ആശ്രയിച്ച് വിരിപ്പ് (പൊടി) കൃഷി നടത്തിയിരുന്നു. ഈ അവസരത്തില്‍ പത്തും ഇരുപതും കിളക്കാര്‍ രണ്ടുസെറ്റായി തിരിഞ്ഞുനിന്ന് കൂത്തുപാട്ടുകള്‍ പാടി ഉത്സാഹത്തോടുകൂടി കിളയ്ക്കുമായിരുന്നു. ഇതുപോലെ ഞാറു പറിക്കുമ്പോഴും നടുമ്പോഴും കൊയ്ത്തിനുമെല്ലാം പ്രചാരത്തിലിരുന്ന നാടന്‍ പാട്ടുകള്‍ ഉണ്ടായിരുന്നു. വിളവെടുപ്പുകാലത്തോടനുബന്ധിച്ചും ഓണം വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിലും ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചും പാടുന്ന ധാരാളം നാടന്‍ പാട്ടുകളും കളികളും ഉണ്ടായിരുന്നു. ഈ പഞ്ചായത്തു പ്രദേശങ്ങളില്‍ തടിയില്‍ നിര്‍മ്മിച്ച കാളയുടെ രൂപങ്ങളെ തണ്ടുകളില്‍ ഉറപ്പിച്ച് തോളിലേറ്റി നടത്തിയിരുന്ന കാളകളി, കോല്‍ക്കളി, പരിചമുട്ടുകളി, പുലികളി, ഗരുഡന്‍ തൂക്കം മുതലായവ എടുത്തു പറയേണ്ടവയാണ്. ചില പ്രത്യേക സമുദായക്കാര്‍ പരമ്പരാഗതമായി ചില പാട്ടുകളും കലകളും നടത്തിയിരുന്നു. പുള്ളുവനും പുള്ളുവത്തിയും വീണയും കുടവുമായി പുള്ളുവന്‍പാട്ട്, സര്‍പ്പപ്പാട്ട് , മാര്‍ഗ്ഗംകളി തുടങ്ങിയവ പ്രചാരത്തിലുണ്ടായിരുന്നു. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്തും ശൈശവ വിവാഹം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തിന് ആദ്യകാലത്ത് ഇവിടെ വളരെ പ്രാധാന്യമുണ്ടായിരുന്നു.